Wednesday, August 19, 2020

വിഷവൈദ്യവും വിഷഹാരിലേഹ്യവും


അഷ്ടാംഗ ആയുർവേദത്തിൽ വിഷവൈദ്യത്തിന് വളരെയധികം പ്രാധാന്യം കല്പിക്കുന്നുണ്ട്.  അഗദതന്ത്രം എന്ന ഈ വിഭാഗത്തിൽ സ്ഥാവര- ജംഗമ(സർപ്പം, കീടം, ചിലന്തി etc ) വിഷമേറ്റാൽ ഉണ്ടാകുന്ന ലക്ഷണങ്ങളെയും ചികിത്സകളെയും കുറിച്ചാണ്  പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. ഇത്തരം വിഷവൈദ്യത്തിൽ പ്രാഗൽഭ്യം നേടിയവർ കേരളത്തിൽ അങ്ങുമിങ്ങും ഉണ്ടായിരുന്നു. കടിയേറ്റയാളിൽ (ദഷ്ടനിൽ) നിന്ന് തന്നെ കടിച്ച പാമ്പിന്റെ തരം, വിഷവേഗം, ശരീരത്തിൽ കയറിയ വിഷത്തിന്റെ അളവ്, പ്രധാന അവയവങ്ങളിലേക്ക് വിഷം കയറിയ ലക്ഷണങ്ങൾ, കൂടാതെ ദഷ്ടന് മരുന്നിനോടുള്ള പ്രതികരണം തുടങ്ങിയ ഘടകങ്ങളെ വിലയിരുത്തുകയും, അവസ്ഥ നിർണയിച്ചു  അടിയന്തിരമായി പ്രത്യൗഷധം കൊടുക്കുകയും ചെയ്തിരുന്നു. പക്ഷെ തുടർച്ചക്കാരായി ആരുമില്ല എന്നതുൾപ്പെടെ പല കാരണങ്ങളാൽ  ഇന്ന് അത്തരം ചികിത്സാരീതികൾ അന്യംനിന്നുപോയ്‌ക്കൊണ്ടിരിക്കുന്നു. ആവണപറമ്പ് പോലുള്ള ചില കുടുംബങ്ങൾ മാത്രമാണ്  ഇത്തരം പ്രയോഗങ്ങൾ  ഇപ്പോൾ അവലംബിക്കുന്നത്.
   കടിച്ച പാമ്പ് വിഷമുള്ളതാണോ അല്ലയോ എന്നറിയാൻ വെറ്റിലയിൽ പ്രയോഗിക്കുന്ന വിഷഹാരി ലേഹ്യത്തെപറ്റിയാണ് ഇവിടെ പ്രതിപാദിക്കുന്നത്. 
വിഷഹാരി ലേഹ്യത്തിന്റെ നിർമാണം:-
"താംബൂലത്തെപ്പിഴിഞ്ഞുള്ള നീരിടങ്ങഴി രണ്ടുതാൻ
എടുത്തു നാഴിയാട്ടങ്ങാവിത്തതിൽ ചേർത്തരച്ചത്
കലക്കിയോട്ടിൻ തളികപ്പുറത്തങ്ങു പരത്തണം
നീർവാരുന്നതെടുത്തിട്ടു സമം വേപ്പെണ്ണ കൂട്ടുക
അതിനോടഞ്ചിലൊന്നായി ഗന്ധകം പാരതങ്ങളും
പൊടിച്ചു ചേർത്തരച്ചിട്ടു നീർവറ്റിച്ചിടണം ഭിഷക്
കുപ്പിപ്പാത്രത്തിലാക്കീട്ടു സൂക്ഷിച്ചീടുക തന്ത്രവിൽ
വിഷപ്പെട്ടുവരുന്നേരമിതു വെറ്റിലതന്നില്
പണത്തൂക്കം കൊടുക്കേണമിതു കച്ചങ്ങിരിക്കിലോ
വിഷം സ്വല്പമതാണെന്നു ധരിച്ചീടുക ബുദ്ധിമാൻ
അതിൻ സ്വാദെരിവാണെങ്കിൽ മൂർഘനാണു- കടിച്ചത്
രസമമ്ലമതാണെങ്കിൽ ഘോണസൻതാൻ കടിച്ചത്
മധുരിച്ചീടുമെന്നാകിൽ രാജിലം താൻ കടിച്ചത്
ഏതു ജാതി വിഷത്തിന്നുമിതു- കൈകൊണ്ടൊരൗഷധം. " (പ്രയോഗ സമുച്ചയം)

           
               500 കണ്ണിവെറ്റില ഇടിച്ചുപിഴിഞ്ഞു അരിച്ചു എടുത്ത നീരിൽ, 1 നാഴി ആട്ടങ്ങ വിത്ത് ( Seed of Luffa amara ) നല്ലവണ്ണം അരച്ച് വൃത്തിയുള്ള ഒരു തുണിയിൽ കിഴികെട്ടി ഓട്ടു പാത്രത്തിനു മുകളിൽ കെട്ടിതൂക്കുക. അതിൽ നിന്ന് പാത്രത്തിൽ ശേഖരിച്ച നീരിനു സമം വേപ്പെണ്ണയും അഞ്ചിൽ ഒരു ഭാഗം ശുദ്ധി ചെയ്ത രസ ഗന്ധകങ്ങൾ കൂടി ചേർത്ത് നല്ലവണ്ണം മർദിച്ചു യോജിപ്പിച്ചു അരയ്ക്കുക. ജലാംശം വറ്റിയതിനു ശേഷം ഗ്ലാസ് ജാറിൽ സൂക്ഷിച്ചു വെയ്ക്കുക.ഇതാണ് വിഷഹാരി ലേഹ്യം എന്നപേരിൽ അറിയപ്പെടുന്നത്. ദഷ്ടൻ വരുമ്പോൾ 1 പണത്തൂക്കം (400 mg) ലേഹ്യം  വെറ്റിലയിൽ തേച്ചു കടിച്ചു ചവച്ചു നീരിറക്കാൻ കൊടുക്കുന്നു. തിരിച്ചറിയുന്ന രസം നോക്കിക്കൊണ്ട് ഏതുതരം സർപ്പമാണ് കടിച്ചതെന്ന് പ്രാഥമികമായി മനസിലാക്കാൻ സാധിക്കുന്നു. നിർണയത്തിനു പുറമെ ഔഷധമായും ഈ ലേഹ്യത്തെ പ്രയോജനപ്പെടുത്താറുണ്ട്.

മൂർഖൻ ആണ് കടിച്ചതെങ്കിൽ, വാതികദോഷ പ്രധാനത്താൽ എരിവ് രസവും
മണ്ഡലി (അണലി)ആണ് കടിച്ചതെങ്കിൽ, പൈത്തികദോഷ പ്രധാനത്താൽ പുളി രസവും
രാജിലം (വെള്ളിക്കട്ടൻ) ആണ് കടിച്ചതെങ്കിൽ, കഫജദോഷ പ്രധാനത്താൽ മധുര രസവും 
നിർവിഷമെങ്കിൽ കയ്പ്പ് രസവും (സ്വാഭാവിക രസം) തിരിച്ചറിയുന്നു.

 നമ്മുടെ ശാസ്ത്രങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള  ഇത്തരം അറിവുകൾ സമൂഹത്തിന് പ്രയോജനപ്പെടുത്തുവാൻ ആയുർവേദത്തിന്റെ വരുംതലമുറയായ നമുക്കു ശ്രമിക്കാം.

Thanks to : Dr.Reji.M.Varghese (Professor & HOD of Dept.of Agadatantra, Vaidyaratnam Ayurveda College,Ollur, Thrissur, Kerala )

14 comments:

  1. ഇതുപോലുള്ള ഒട്ടനവധി പ്രതിപാദങ്ങൾ ആയുർവേദ പുസ്തകങ്ങളിൽ ഉണ്ട്. എന്നാൽ ഒന്നും തന്നെ പഠനവിഷയമാക്കിയിട്ടില്ല. ജീവരക്ഷ ഗുളികകൾ ഒട്ടനവധി. ഇവ ഒക്കെ animal study നടത്തിക്കൂടെ. ഇത്തരം പ്രസിദ്ധീകരങ്ങൾ ഇത്തരം ചിന്തകളെ പ്രചോദിപ്പിക്കാൻ നന്നാവും

    ReplyDelete

Pain Perched

                                                                      When the vulture sits upon the spine,  a shadow falls along the limb...